Advanced Stroke Centre Inaugurated at Malabar Medical College Hospital & Research Centre
മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ & റിസർച്ച് സെന്ററിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടെ സജ്ജീകരിച്ച എം.എം.സി അഡ്വാൻസ്ഡ് സ്ട്രോക്ക് സെന്റർ, 2026 ജൂലൈ 14-ന് ബാലുശ്ശേരി എം.എൽ.എ ശ്രീ. വി. ടി. സൂരജ് ഉദ്ഘാടനം ചെയ്തു. മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ & റിസർച്ച് സെന്റർ ചെയർമാൻ ശ്രീ. വി. അനിൽ കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആശുപത്രി അധികൃതരും വിവിധ വിഭാഗം ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു.
മസ്തിഷ്കാഘാതം (Stroke) സംഭവിക്കുന്ന രോഗികൾക്ക് അതിവേഗവും കൃത്യവുമായ രോഗനിർണയവും ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്വാൻസ്ഡ് സ്ട്രോക്ക് സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. സ്ട്രോക്ക് ചികിത്സയിൽ നിർണായകമായ "Golden Hour" പ്രയോജനപ്പെടുത്തി രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ ആധുനിക സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സെന്ററിൽ ന്യൂറോളജി, ന്യൂറോസർജറി, എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, റേഡിയോളജി, ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഏകോപിത സേവനം ലഭ്യമാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ചികിത്സാ സംവിധാനം, അത്യാധുനിക ഇമേജിംഗ് സൗകര്യങ്ങൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള സമഗ്ര ചികിത്സയും പുനരധിവാസ സേവനങ്ങളും രോഗികൾക്ക് മികച്ച പരിചരണം ഉറപ്പാക്കും.